കൊച്ചി : മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി.അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകൾ ചോദ്യം ചെയ്തതിനു പിന്നിൽ ഏതാനും വർഷങ്ങൾക്കിടയിലെ വൻ വരുമാന വർധനവും. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വരുമാന വർധനവും അന്വേഷണ പരിധിയിലായത്. 2015ൽ അൻവറിന്റെ സ്വത്ത് 14.3 കോടി രൂപയായിരുന്നെങ്കിൽ 2021ൽ ഇത് 64.14 കോടി രൂപയായി വർധിച്ചു. അടുത്തിടെ അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിനു ശേഷം ഇ.ഡി പുറത്തുവിട്ട വിവരമാണ് ഇത്. അതിനിടെ, അൻവറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നൽകുന്ന സൂചന.
വെറും ആറു വർഷത്തിനിടയിലാണ് 50 കോടി രൂപയുടെ സ്വത്ത് അൻവറിന് വർധിച്ചതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനു മതിയായ വിശദീകരണം നൽകാൻ അൻവറിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിൽ ഇക്കാര്യവും കടന്നു വന്നതായാണ് അറിയുന്നത്. ഏതു വഴിക്കാണ് ഇത്രയധികം സ്വത്തുക്കൾ സമ്പാദിക്കാൻ കഴിഞ്ഞത് എന്നതാണ് ഇ.ഡി അൻവറിനോട് ചോദിച്ചത്. ഇക്കാര്യത്തിലുള്ള അൻവറിന്റെ വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തുകയും ചെയ്തു. ഇത് പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും അടുത്ത ചോദ്യം ചെയ്യൽ.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മലപ്പുറം ശാഖയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെയും ക്രമക്കേടു നടത്തിയും അൻവർ വായ്പയെടുത്തെന്ന പരാതിയിൽ നേരത്തെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഇ.ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചതും റെയ്ഡ് ഉൾപ്പെടെ നടത്തിയതും. ഒരേ വസ്തു തന്നെ ഈടുവച്ച് പല സ്ഥാപനങ്ങളുടെ പേരിൽ വായ്പകളെടുക്കുക, വായ്പ തിരിച്ചടയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കെഎഫ്സിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയിരുന്നു.
DeToor reflective wanderings…