Thursday , June 26 2025, 9:15 am

പി.വി അൻവർ വോട്ട് കട്ടർ ,കേരള ഒവൈസി

ബിൻസി പാലത്ത്
യപരാജങ്ങളുടെ തുലാസിലാടുന്ന മുന്നണികളിൽ  ഒന്നിനെ മൂലയ്ക്കാക്കാൻ അവതരിക്കുന്നവരാണ് വോട്ട് കട്ടർമാർ . അവർക്ക് വിശേഷാൽ ഗുണമൊന്നുമുണ്ടാവില്ല .എന്നാൽ , ആവതുള്ള സ്ഥാനാർത്ഥികളുടെ വിജയവോട്ടുകൾ തൂഫാനാക്കി തോൽപ്പിക്കാൻ ഇവർക്കാവും. തരാതരം എത് മുന്നണിക്ക് വേണ്ടിയും ഇടപെടും. ബീഹാറിൽ ഒവൈസി ചെയ്തത് ഇതാണ് . മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ശ്രമിച്ചതും അതാണ് .ഹൈദരാബാദുകാരനാണ്. അവിടെ നല്ല സ്വാധീനമുണ്ട് .ദേശീയ മോഹങ്ങൾ കയറി പിടിച്ചപ്പോഴാണ് വടക്കെ ഇന്ത്യ പിടിച്ചത്. ന്യൂനപക്ഷ സംരക്ഷണം തന്നെ പ്രധാനം. പക്ഷെ സംഗതിവശാൽ പണിയെടുക്കുന്നത് ബി ജെ.പി മുന്നണിക്ക് വേണ്ടി . 2020 ൽ ബീഹാറിൽ കോൺഗ്രസ് , ആർ.ജെ.ഡി മുന്നണി ഭരണം പിടിക്കുമെന്ന സൂചനയുണ്ടായിരുന്നു. പക്ഷെ 15 സീറ്റിന് പോയി. ഈ സീറ്റുകൾ വരേണ്ടിയിരുന്നത് സീമാഞ്ചലിലെ 20 സീറ്റുകളിൽ നിന്നായിരുന്നു. എന്നാൽ ,സ്ഥാനാർത്ഥികളെ നിറുത്തി ബി.ജെ.പി വിരുദ്ധ വോട്ടുകൾ തുഫാനാക്കി ഒവൈസി . അദ്ദേഹത്തിൻ്റെ പാർട്ടിയുടെ പേര് എ.ഐ.എം ഐ എം. തട്ടിക്കൂട്ടുമുന്നണിയുണ്ടാക്കി മത്സരിച്ച സീറ്റിലെല്ലാം തോറ്റു. ഒവൈസി പിടിച്ച വോട്ടിന് കോൺഗ്രസ് സ്ഥാനാർത്ഥികൾ ആറിടത്തും തോറ്റു. ദേശീയ രാഷ്ട്രീയം തന്നെ മാറിമറിയുമായിരുന്ന ഒരു രാഷ്ട്രീയസാധ്യതയുടെ അടിവെട്ടി വായ്പുട്ട് അടിച്ചു ഒവൈസി. വെടക്കാക്കി തനിക്കാക്കുന്ന ഏർപ്പാട് .

അൻവറിന് ആദ്യം പാർട്ടി ഉണ്ടായില്ല .ഇടത് സഹയാത്രികനായി കൂടി.പിന്നെ ഡി .എം.കെ പിടിച്ചു. അതു കഴിഞ്ഞ് തൃണമൂൽ .ആദ്യം പിണറായി കൊടിയ ശത്രു .പിന്നെ വി.ഡി സതീശൻ .അതും പോരാഞ്ഞ് ആര്യാടൻ ഷൗക്കത്തും .
ഇരുണ്ടു വെളുത്താൽ പറയുന്നത് വൈകുന്നേരം മാറ്റി പറയും. പൊതു ജീവിതത്തിൽ കേസും പൂക്കാറും നിരവധി .നിലമ്പൂരിൽ 75000 വോട്ട് പറഞ്ഞിടത്ത് 20000 കിട്ടി . രണ്ടു വട്ടം മണ്ഡലത്തിൽ എം.എൽ എ ആയിരുന്ന ആൾക്ക് കിട്ടുന്ന വ്യക്തിഗത വോട്ടുകൾക്കപ്പുറമൊന്നും നിലമ്പൂരിൽ സംഭവിച്ചിട്ടില്ല.ഇത് രാഷ്ട്രീയത്തിനുള്ള വോട്ടല്ല . അൻവറിൻ്റെ നടക്കാതെ പോയ സ്വപ്നം വോട്ട് കട്ടിംഗായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിന്നിംഗ് മാർജിൻ സ്വന്തം പൊട്ടിയിലാക്കി തോൽപ്പിക്കുക. എന്നാൽ, അതിനപ്പുറമായിരുന്നു മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും .അതുകൊണ്ട് കോൺഗ്രസ്മുന്നണി തടി കഴിച്ചിലാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസം സംഭരിച്ചു .കേരള ഒവൈസി പോകെ പോകെ നിലമ്പൂരിൽ അസ്തമിക്കും. അതിനപ്പുറമുള്ള മണ്ഡലങ്ങളിൽ എന്തെങ്കിലും പറഞ്ഞ് വോട്ട് ചോദിക്കാനുള്ള രാഷ്ട്രീയ ആവത് അൻവറിനില്ല. ഇടതു മുന്നണിക്ക് ഈ ബോധ്യമുണ്ട്. യു.ഡി.എഫിന് ഉണ്ടായാൽ നന്ന് .

Comments