Saturday , October 4 2025, 5:09 am

ഈ ആരാധകരെ കൊണ്ട് തോറ്റു; വില്‍പ്പത്രത്തില്‍ നെയ്മറിന് 10000 കോടിയുടെ ആസ്തി എഴുതിവച്ച് അജ്ഞാതന്‍

സാന്റോസ്: താരങ്ങളോടുള്ള ആരാധന മൂത്ത് ആരാധകര്‍ പലതും കാണിച്ചുകൂട്ടാറുണ്ട്. വിചിത്രമായ സര്‍പ്രൈസുകളും വ്യത്യസ്തമായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കലും തുടങ്ങി ആരാധക സ്‌നേഹ പ്രകടനങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം നെയ്മറിനെ ചുറ്റിപ്പറ്റി ഇത്തരത്തിലൊരു വാര്‍ത്ത ചര്‍ച്ചയാവുകയാണ്.

അജ്ഞാതനായ ഒരാള്‍ താന്‍ മരിക്കുന്നതിന് മുന്‍പ് നെയ്മറിന് തന്റെ സ്വത്തുക്കള്‍ എഴുതി വച്ചു എന്നതാണ് വാര്‍ത്ത. ഒന്നും രണ്ടും കോടിയൊന്നുമല്ല, പതിനായിരം കോടി രൂപയാണ് (846 മില്യണ്‍ പൗണ്ടോളം) ഇഷ്ടതാരത്തിന്റെ പേരില്‍ ശതകോടീശ്വരന്‍ വില്‍പ്പത്രമെഴുതി വച്ചിരിക്കുന്നത്. നെയ്മറും പിതാവും തമ്മിലുള്ള ബന്ധം കാണുമ്പോള്‍ തന്റെ മരിച്ചുപോയ പിതാവിനെ ഓര്‍മ്മിപ്പിക്കുന്നു എന്ന് പറഞ്ഞാണ് വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ 12ന് വില്‍പ്പത്രം തയ്യാറാക്കിയ ശേഷം ഇയാള്‍ മരണപ്പെട്ടതായും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വത്തുക്കള്‍ നെയ്മറിന്റെ പേരിലാണെങ്കിലും താരത്തിന് സ്വത്തുക്കള്‍ കിട്ടണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതായുണ്ടെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. താരം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments