കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയായി കണക്കാക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ഇരട്ട ടണലാണ് നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ പ്രവൃത്തികളുടെ കരാര്‍. പാതയ്ക്കായി കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിരുന്നു.
രണ്ട് പാക്കേജുകളിലായാണ് നിര്‍മാണം നടക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത രണ്ടാമത്തെ പാക്കേജിലുമാണ്. നാലുവരി ഗതാഗതമാണ് ഉണ്ടാവുക. പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍നിന്ന് 22 കിലോമീറ്റര്‍കൊണ്ട് മേപ്പാടിയിലെത്താം. ചുരത്തിലെ യാത്രാ ദുരിതത്തിനും അറുതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.