തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ഈ മാസം 30, 31 തിയ്യതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നു ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. രോഗബാധ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് 18 പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജലസ്രോതസ്സുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെസഹകരണത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാംപയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കാളികളാകണമെന്നും നിര്‍ദേശമുണ്ട്. റിസോര്‍ട്ടുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലും വെള്ളം ക്ലോറിനേറ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി.