ആലപ്പുഴ: ആലപ്പുഴയില്‍ വൃദ്ധമാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍. മാതാപിതാക്കളോട് മദ്യപിക്കാന്‍ പ്രതി 100 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കിയിരുന്നില്ല. പ്രകോപിതനായ പ്രതി തുടര്‍ന്ന് മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ രാത്രിയാണ് മന്നത്ത് പനവേലി പുരയിടം വീട്ടില്‍ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവര്‍ മകന്‍ ബാബുവിന്റെ കുത്തേറ്റ് മരിക്കുന്നത്. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ബാബു തന്നെയാണ് അയല്‍വാസികളേയും സഹോദരിയേയും വിവരം അറിയിച്ചത്. തുടര്‍ന്ന ബാബു ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് തൊട്ടടുത്തുള്ള ബാറില്‍ നിന്ന് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനായിരുന്നു ബാബു. ഇയാള്‍ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. വീട്ടില്‍ പതിവായി ബഹളവും മറ്റും കേള്‍ക്കാറുള്ളതിനാല്‍ ഇന്നലെ ബഹളമുണ്ടായപ്പോഴും അയല്‍വാസികള്‍ കാര്യമാക്കിയിരുന്നില്ല.
മാതാപിതാക്കളെ കുത്തിവീഴ്ത്തിയ ശേഷം ബാബു അയല്‍വാസിയുടെ അടുത്തെത്തിയിരുന്നു. താന്‍ മാതാപിതാക്കളെ വകവരുത്തിയെന്നും ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചോ എന്നും പറഞ്ഞ് ബാബു കടന്നുകളയുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തുമ്പോഴേക്കും തങ്കരാജ് മരിച്ചിരുന്നു. ആഗ്നസിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.