Saturday , October 4 2025, 6:46 am

പ്രംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: പ്രംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.

മലയാള സിനിമ രംഗത്ത് നായക- വില്ലന്‍ വേഷങ്ങളില്‍ സജീവ സാന്നിധ്യമായി തിളങ്ങിയിരുന്ന നടനായിരുന്നു ഷാനവാസ്. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ല്‍ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി അഭിനയിച്ച സിനിമ. 1989-ല്‍ പിതാവ് പ്രേംനസീറിന്റെ മരണശേഷവും സിനിമ രംഗത്ത് തുടരാന്‍ ഷാനവാസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. പിന്നീട് വിദേശത്ത് ഒരു ഷിപ്പിങ് കമ്പനിയില്‍ മാനേജറായി ജോലി നോക്കിയിരുന്നു. അതിനും ശേഷമായിരുന്നു സീരിയലിലേക്കും, വീണ്ടും സിനിമ രംഗത്തേക്കും തിരിച്ച് വരവ് നടത്താന്‍ ഷാനവാസ് തീരുമാനിച്ചത്.

 

 

Comments