Saturday , October 4 2025, 6:55 am

വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ സീറ്റ് പൊട്ടിവീണു; കാസര്‍ഗോഡ് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: ദേശീയപാതയിലെ വഴിവിളക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണ് മണിയൂര്‍ പാലയാട് കെ.കെ അശ്വിന്‍ ബാബു (27), മടപ്പള്ളി സ്‌കൂളിനു സമീപം ദേരങ്ങോത്ത് എസ്.ആര്‍ അക്ഷയ് (25) എന്നിവരാണ് മരിച്ചത്. ബക്കറ്റ് സീറ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സീറ്റ് പൊട്ടി സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

തലപ്പാടി-ചെര്‍ക്കള ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത യു.എല്‍.സി.സിയുടെ നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേരേയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്മാരാണ്.

Comments