Saturday , October 4 2025, 3:39 am

മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ട്, ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ കത്തയച്ചിരുന്നു’: എ.കെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുത്തങ്ങ സംഭവത്തിലും ശിവഗിരിയിലെ പോലീസ് നടപടിയുടേയും പേരില്‍ താന്‍ മാത്രമാണ് പഴികേള്‍ക്കേണ്ടി വന്നതെന്ന് എ.കെ. ആന്റണി പറഞ്ഞു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ശിവഗിരിയിലുണ്ടായ പോലീസ് നടപടിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

‘മുത്തങ്ങ സംഭവത്തില്‍ അതിയായ ദുഖമുണ്ട്. ആദിവാസികളെ മുത്തങ്ങയില്‍ നിന്ന് ഇറക്കിവിടണമെന്ന് മൂന്ന് തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. മുത്തങ്ങയില്‍ കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് കൂടി വന്ന ശേഷമാണ് നടപടി ഉണ്ടായതെന്നും ആന്റണി വ്യക്തമാക്കി. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത് തന്റെ സര്‍ക്കാരിന്റെ കാലത്താണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. ആദിവാസികള്‍ മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ചെയ്തപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും അവരെ ഇറക്കിവിടണമെന്നാണ് പറഞ്ഞത്. എന്നാല്‍ പോലീസ് നടുപടി കഴിഞ്ഞപ്പോള്‍ എല്ലാവരും നിലപാട് മാറ്റിയെന്നും ആന്റണി വിമര്‍ശിച്ചു. 21 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറിയിട്ട്. അതിനു ശേഷം എത്ര സര്‍ക്കാരുകള്‍ വന്നു. 15 വര്‍ഷം ഭരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരുകളാണ്. എന്റെ സര്‍ക്കാര്‍ ആദിവാസികളെ ഇറക്കി വിട്ടത് തെറ്റാണെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അവിടെ വീണ്ടും ആദിവാസികളെ താമസിപ്പിക്കാനോ ഭൂമി കൊടുക്കാനോ തയ്യാറായിട്ടുണ്ടോ എന്നും ആന്റണി ചോദിച്ചു. മുത്തങ്ങ സംഭവം അന്വേഷിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ.കെ ആന്റണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

1995ല്‍ ശിവഗിരിയിലേക്ക് പോലീസിനെ അയച്ചത് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ആന്റണി പറഞ്ഞു. താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞപ്പോഴാണ് പോലീസിനെ അയക്കേണ്ടി വന്നതെന്നും നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും എ.കെ ആന്റണി പറഞ്ഞു.

21 വര്‍ഷം മുന്‍പ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയതാണ്. ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ല. ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ മറുപടി പറയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൊലീസ് നടപടികളിലും ദുഃഖമുണ്ട്. ജീവിതത്തില്‍ ശരിയും തെറ്റുകളും ഉണ്ടായിട്ടുണ്ട്. കണക്ക് എടുക്കേണ്ട സമയമാണ്. ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നു പറഞ്ഞാണ് എ.കെ ആന്റണി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

 

Comments