Tuesday , March 3 2026, 4:16 pm

വയനാട്ടിൽ ബ്രഹ്മഗിരി കേസിൽ ഇഡി പരാതി; ജീവനക്കാരുടെ അക്കൗണ്ട് വഴി കോടികളുടെ വെളുപ്പിക്കൽ

ബത്തേരി : ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധം ശക്തമാക്കി യുഡിഎഫും ബിജെപിയും. ഏറെക്കാലമായി വയനാട്ടിൽ, പ്രത്യേകിച്ച് ബത്തേരി മേഖലയിൽ നിലനിന്നിരുന്ന പ്രശ്നമാണു പുതിയ തലത്തിലേക്കു നീങ്ങിയത്. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച നിരവധിപ്പേർ പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. നിക്ഷേപം നടത്തിയവരിൽ ഏറെയും സിപിഎം അനുഭാവികളായതിനാൽ പാർട്ടി തലത്തിൽ തന്നെ ഒതുക്കുകയായിരുന്നു.

          ഇതിനിടെയാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി പാർട്ടി പ്രവർത്തകനായിരുന്ന എം. നൗഷാദ് ചിത്രങ്ങൾ സഹിതം രംഗത്തെത്തിയത്. ഇതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുൾപ്പെടെ (ഇഡി) കോൺഗ്രസ് പരാതി നൽകി. കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ നൽകിയെന്ന് ആരോപിച്ച് ബത്തേരി യൂണിയൻ ബാങ്കിലേക്ക് ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഇന്ന് ബിജെപിയും ബാങ്കിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ബ്രഹ്മഗിരിയിലെ ജീവനക്കാരുടെ യൂണിയൻ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. സിപിഎം നേതാവിന്റെ ഭാര്യയായ ബാങ്കിലെ ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണു കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതെന്നും ബിജെപി ആരോപിച്ചു.

            ഒരു ലക്ഷം മുതൽ ഒരു കോടിയോളം രൂപ വരെ ബ്രഹ്മഗിരിയിൽ നിക്ഷേപിച്ചവരുണ്ട്. ബത്തേരി മുൻ എംഎൽഎ ആയിരുന്ന പി. കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലാണ് ബ്രഹ്മഗിരി ആരംഭിച്ചത്. മാംസം വിൽപ്പനയും സംസ്കരണവുമായിരുന്നു പ്രധാന ലക്ഷ്യം. പോത്തുകുട്ടികളെ കർഷകർക്കു പോറ്റാൻ നൽകുകയും വളർച്ചയെത്തുമ്പോൾ വില നൽകി തിരികെ വാങ്ങുന്നതുമായിരുന്നു പദ്ധതി. ഇതര സംസ്ഥാനത്തുനിന്നു കാലികളെ കൊണ്ടുവന്നും കശാപ്പ് ചെയ്തിരുന്നു. പോത്ത്, കോഴി ഇറച്ചികളാണു പ്രധാനമായും പാക്കറ്റുകളിലാക്കി വിറ്റിരുന്നത്. ഇതിനായി വയനാട്, കോഴിക്കോട് ജില്ലകളിൽ ഔട്‌ലെറ്റുകളും തുടങ്ങി. നിക്ഷേപകരിൽനിന്നു പണം വാങ്ങിയാണ് പദ്ധതി തുടങ്ങിയത്. ആദ്യം നല്ല രീതിയിൽ മുന്നോട്ടു പോകുകയും നിക്ഷേപകർക്കു പണം ലഭിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പേർ നിക്ഷേപം നടത്തി. എന്നാൽ പിന്നീട് സ്ഥാപനം തകരുകയും പൂട്ടുകയുമായിരുന്നു. പണം തിരികെ കിട്ടില്ലെന്നായപ്പോൾ നിക്ഷേപകർ സംഘടിച്ചു പ്രതിഷേധം നടത്തി. കോൺഗ്രസ് ഈ വിഷയം ഏറ്റെടുത്ത് സമരം ആരംഭിച്ചു. ഇതിനിടെയാണ് ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി ട്രഷറൻ എം.എൻ. വിജയന്റെ മരണത്തിൽ പ്രതിയായത്. ഇതോടെ സിപിഎം ഐ.സി. ബാലകൃഷ്ണനെതിരെ ആക്രമണവുമായി രംഗത്തെത്തുകയും യുഡിഎഫ് ആരംഭിച്ച ബ്രഹ്മഗിരി സമരം മുങ്ങിപ്പോകുകയുമായിരുന്നു.

Comments