Tuesday , March 3 2026, 4:25 pm

നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ; വന്ദേഭാരതിനു സ്റ്റോപ്പ്, കരാർ ക്ഷണിച്ചു

തിരുവനന്തപുരം : നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ റെയിൽവേ ഗതിശക്തി വിഭാഗം കരാർ ക്ഷണിച്ചു. 7.56 കോടി രൂപയാണ് അടങ്കൽ തുക. ഫെബ്രുവരി 5 വരെ കരാർ സമർപ്പിക്കാം.കിഴക്കുവശത്ത് സ്റ്റേഷൻ മന്ദിരവും, ഇരു ഭാഗത്തും 600 മീറ്റർ നീളമുള്ള പ്ലാറ്റുഫോമുകളും ഫുട്ട്ഒാവർ ബ്രിജും ലിഫ്റ്റും പാർക്കിങ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണു പദ്ധതി. 9 മാസമാണു നിർമാണ കാലാവധി. വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. 

        റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണു പദ്ധതി വൈകാൻ കാരണം. ഇപ്പോൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണു പദ്ധതി വീണ്ടും അനുമതിക്കു സമർപ്പിച്ചത്. സ്റ്റേഷൻ തുറക്കുന്നതോടെ ഇവിടെ വന്ദേഭാരത് ഉൾപ്പെടെയുള്ള സ്റ്റോപ്പുണ്ടായിരിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് നേരത്തെ സ്ഥലം സന്ദർശിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തെയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിച്ചു വാക്കലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിന്നീട് വരും. വിവിധ ജില്ലകളിൽ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർക്ക് സ്റ്റേഷൻ വലിയ സഹായമാകും.

Comments