Tuesday , March 3 2026, 12:52 pm

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ കണ്ണൂരിൽ; വെബ്‌കാസ്റ്റിങും 5000-ത്തിലധികം പൊലീസും സജ്ജം

കണ്ണൂർ :തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2513 പ്രശ്നബാധിത ബൂത്തുകളിൽ 1025 ഉം കണ്ണൂരിൽ. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകളുള്ള ജില്ലയിൽ സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിലെല്ലാം വെബ് കാസ്റ്റിങ് സംവിധാനം കെൽട്രോൺ മുഖേന നടപ്പാക്കുന്നുണ്ട്. 

          സിറ്റി പൊലീസിനു കീഴിൽ 602 ബൂത്തുകളും റൂറൽ പൊലീസിനു കീഴിൽ 423 ബൂത്തുകളുമാണുള്ളത്. ഇതിൽ അതീവ പ്രശ്നസാധ്യതയുള്ളതും പ്രശ്നസാധ്യതയുള്ളതുമായ ബൂത്തുകൾ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് ദിവസം യാതൊരു പ്രശ്നവുമുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സിറ്റിയിൽ 2500, റൂറലിൽ 2600 എന്നിങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. 125 ദ്രുതകർമസേനയേയും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ 150 സ്പെഷൽ ഓപ്പറേഷൻ ടീമിനേയും നിയോഗിച്ചു. പലയിടത്തും സേനകൾ റൂട്ട് മാർച്ച് നടത്തി.ജില്ലയിൽ ആകെ 50 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളാണുള്ളത്.

         ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 21 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുണ്ട്. ആറളം, അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ ഏറെയും. ഇരിട്ടി പൊലീസ് സബ് ഡിവിഷനിലെ മൂന്നിലൊന്നു ബൂത്തുകൾ പ്രശ്നസാധ്യത ഉള്ളതാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 170 ബൂത്തുകളാണ് സബ് ഡിവിഷനിൽ വരുന്നത്. ഇതിൽ 25 ബൂത്തുകൾ  അതീവ പ്രശ്നസാധ്യതയുള്ളതും 10 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതുമാണ്. മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ 80 ശതമാനം ബൂത്തുകളിലും പ്രശ്നസാധ്യത ഉള്ളതാണ്.

Comments