Tuesday , March 3 2026, 5:53 pm

കോലി എഫക്ട്!തുടർച്ചയായ സെഞ്ചുറികളുടെ ചൂടിൽ മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു

വിശാഖപട്ടണം: അപാര ഫോമിലാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ വിരാട് കോലി. തന്റെ ഫോമിനെയും ടീമിലെ സ്ഥാനത്തെയും സംശയിച്ചവര്‍ക്ക് തുടര്‍ച്ചയായ രണ്ടു സെഞ്ചുറികളിലൂടെയാണ് കോലി മറുപടി പറഞ്ഞത്. ഇപ്പോഴിതാ കോലി പ്രഭാവത്തില്‍ വിശാഖപട്ടണത്ത് ശനിയാഴ്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.

            വിശാഖപട്ടണത്തെ മൂന്നാം ഏകദിനത്തിനായുള്ള ടിക്കറ്റുകളുടെ വില്‍പ്പന തുടക്കത്തില്‍ അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറിയടിച്ചതിനു പിന്നാലെ മിനിറ്റുകള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ തീര്‍ന്നതെന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ (എസിഎ) അറിയിച്ചു.നവംബര്‍ 28-നാണ് ആദ്യഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റാഞ്ചിയിലെ കോലിയുടെ സെഞ്ചുറിക്ക് ശേഷം രണ്ടും മൂന്നും ഘട്ടത്തില്‍ വില്‍പ്പനയ്ക്കുവെച്ച ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. ഒന്നുപോലും വില്‍ക്കാതെ അവശേഷിച്ചില്ല.” – എസിഎയുടെ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ വൈ. വെങ്കിടേഷ് പറഞ്ഞു.

            പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സുമായി കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍. മാത്രമല്ല പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സറുകളും ബൗണ്ടറികളും നേടിയതും കോലി തന്നെ.വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും മികച്ചതാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ കോലി നേടിയിട്ടുണ്ട്. ഒരു തവണ 99 റണ്‍സിനും കോലി ഇവിടെ പുറത്തായിട്ടുണ്ട്. 97.83 ആണ് വിശാഖപട്ടണത്തെ കോലിയുടെ ശരാശരി.

Comments