മൺസൂൺ സീസൺ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു.വിപണിയിൽ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ വിലയും 100 രൂപയ്ക്ക് അടുത്തെത്തി. വിവാഹ സീസൺ, ശബരിമല തീർത്ഥാടന കാലം, തണുപ്പുകാലം എന്നിവ ഒരുമിച്ചെത്തിയതോടെ പച്ചക്കറികൾക്ക് ആവശ്യകത വർധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.
മുരിങ്ങക്കായയുടെ വില ഏതാനും ദിവസങ്ങൾക്ക് മുമ്പുള്ള 500 രൂപയിൽ നിന്ന് കുതിച്ചുയർന്ന് ഉഡുപ്പിയിലും കുന്ദാപുരയിലും കിലോയ്ക്ക് 750 രൂപയിൽ എത്തി. മംഗളൂരുവിൽ 700 രൂപ മുതൽ 720 രൂപ വരെയാണ് വില. മുരിങ്ങക്കായയുടെ പ്രധാന ഉത്പാദന കേന്ദ്രം തമിഴ്‌നാടാണ്. പുതിയ സ്റ്റോക്ക് വിപണിയിൽ എത്തുന്നതുവരെ ഇപ്പോഴത്തെ വില തുടരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിലെ കർഷകർ കൃഷി വർദ്ധിപ്പിച്ചതിനാൽ ജനുവരി-ഫെബ്രുവരി മാസത്തോടെ വിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാം. മുൻപ് വില കുറയുമ്പോൾ വലിയ അളവിൽ മുരിങ്ങക്കായ എത്തിച്ചിരുന്നെങ്കിലും, ഇപ്പോൾ വില വർധിച്ചിട്ടും ലഭ്യത കുറവാണെന്ന് ഒരു വ്യാപാരി പറഞ്ഞു.
DeToor reflective wanderings…