Tuesday , March 3 2026, 9:54 pm

കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിത ; കാനത്തിൽ ജമീല

കോഴിക്കോട് :കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിതയാണ് കാനത്തിൽ ജമീല. എംഎൽഎ ആയിരിക്കെ ഇതുവരെ 54 പേർ വിടവാങ്ങി. 1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയ്‌ക്ക് മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌ത പി.കെ. ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്.

      കേരളനിയമസഭയിൽ ഇതുവരെ അംഗങ്ങളായത് 973 പേരാണ്. അവരിൽ വനിതകൾ 52 മാത്രം. ഇപ്പോഴത്തെ നിയമസഭയിലെ 4–ാമത്തെ മരണമാണിത്. ജമീലയുടെ നിര്യാണത്തോടെ 15–ാം കേരള നിയമസഭയിൽ 7–ാമത്തെ ഒഴിവാണുണ്ടാകുന്നത്. 4 പേർ മരിക്കുകയും 3  രാജിവയ്ക്കുകയുമായിരുന്നു. 

      പിടി. തോമസ് (തൃക്കാക്കര, 22.12.2021), ഉമ്മൻ ചാണ്ടി (പുതുപ്പള്ളി, 18.07.2023), വാഴൂർ സോമൻ (പീരുമേട്, 21.08.2025) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചവർ. പി.വി. അൻവരും (നിലമ്പൂർ) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഷാഫി പറമ്പിൽ (പാലക്കാട്), കെ. രാധാകൃഷ്ണൻ (ചേലക്കര) എന്നിവരുമാണ് രാജിവച്ചത്. പീരുമേട് ഒഴികെ 5 നിയമസഭാനിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടന്നു.
Comments