Thursday , March 5 2026, 7:07 pm

ജനപ്രിയസിനിമകളുടെ സംവിധായകൻ ഇനി ജനാധിപത്യത്തിന്റെ കളരിയിലേക്ക്

കോഴിക്കോട്: ജനപ്രിയസിനിമകളുടെ സംവിധായകൻ ഇനി ജനാധിപത്യത്തിന്റെ കളരിയിലേക്ക്. കോഴിക്കോട് കോർപ്പറേഷൻ 37-ാം വാർഡായ കല്ലായിയിൽ സംവിധായകൻ വി.എം. വിനു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. താൻ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല ഇതെന്നും തിരഞ്ഞെടുപ്പ് ജനസേവനത്തിനുള്ള ഒരു നിയോഗമായി കരുതുന്നെന്നും വിനു പറഞ്ഞു.

      “രാഷ്ട്രീയക്കാരനല്ലാത്തതിനാൽ മറ്റുള്ളവരുടെ ഭരണം മോശമെന്ന് വിലയിരുത്തുന്നില്ല. എന്നാൽ, കോഴിക്കോടിന് വികസനമുരടിപ്പുണ്ടെന്നത് വസ്തുതയാണ്. ഒരു കോഴിക്കോട്ടുകാരനെന്ന നിലയിലാണ് ഇത് പറയുന്നത്. ചെറുപ്പംമുതൽ കോഴിക്കോടിന്റെ പൾസ് അറിയാം. മിഠായിത്തെരുവും കല്ലായിയും ഇഷ്ട ഇടങ്ങളാണ്. കല്ലായിപ്പുഴ നശിക്കുന്നതിൽ എന്നും ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. കോഴിക്കോടിനുവേണ്ടി എന്തെങ്കിലും ചെയ്യാനാവുമെന്നാണ് പ്രതീക്ഷ” -സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം വി.എം. വിനു പറഞ്ഞു.

    കോഴിക്കോട്ട് മേയർ സ്ഥാനാർഥിയായി വിനുവിനെ യുഡിഎഫ് പരിഗണിക്കുമെന്ന് സൂചനയുണ്ട്. സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം എം.കെ. രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ തുടങ്ങിയവർ വിനുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ഷാൾ അണിയിച്ചു. പെൺപട്ടണം, ബസ് കണ്ടക്ടർ, ബാലേട്ടൻ, മകന്റെ അച്ഛൻ, സൂര്യൻ, യെസ് യുവർ ഓണർ, സ്വർണകിരീടം, അഞ്ചരക്കല്യാണം, പല്ലാവൂർ ദേവനാരായണൻ, കൺമഷി, വേഷം, മറുപടി, കുട്ടിമാമ, ഫേസ് ടു ഫേസ് തുടങ്ങിയവ വി.എം. വിനുവിന്റെ സിനിമകളാണ്.
Comments