Tuesday , March 3 2026, 6:34 pm

കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 54 ഒഴിവുകള്‍;നവംബര്‍ 20-വരെ അപേക്ഷിക്കാം

കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 54 ഒഴിവുകള്‍. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി, ഫ്ലീറ്റ് മാനേജര്‍- മെയിന്റനന്‍സ്, മാനേജര്‍ ഫിനാന്‍സ്, കണ്‍സള്‍ട്ടന്റ്- സിവില്‍ എന്നീ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ക്ക് നവംബര്‍ 20-വരെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmrl.co.in അല്ലെങ്കില്‍ www.watermetro.co.in വഴി അപേക്ഷിക്കാം.

വിവിധ തസ്തികകളും യോഗ്യതയും
  1. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി വിഭാഗത്തില്‍ 50 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 60% മാര്‍ക്കോടെ ഐടിഐ (ഫിറ്റര്‍/ ഇലക്ട്രിഷ്യന്‍/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസല്‍ മെക്കാനിക്) അല്ലെങ്കില്‍ 60% മാര്‍ക്കോടെ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ് (2022, 2023, 2024 വര്‍ഷങ്ങളില്‍ പാസായവരാകണം അപേക്ഷകര്‍), ജിപിആര്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണനയുണ്ട്‌. ഈ തസ്തികയ്ക്ക് പ്രവൃത്തി പരിചയം ആവശ്യമില്ല. 9000 രൂപ സ്റ്റൈപന്റ് ലഭിക്കും. 28 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
  2. ഫ്ലീറ്റ് മാനേജര്‍-മെയിന്റനന്‍സ് : മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/നേവല്‍ ആര്‍ക്കിടെക്ചറില്‍ എന്‍ജിനീയറിങ് ബിരുദം/ഡിപ്ലോമ, എംഇഒ ക്ലാസ് 1 അല്ലെങ്കില്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഫ്ജി) നേടിയിരിക്കണം. ഇതിന് അപേക്ഷിക്കാന്‍ 12 വര്‍ഷ പരിചയം ആവശ്യമാണ്. 56 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 29,100- 54,500 ആണ് ശമ്പളം.
  3. മാനേജര്‍ – ഫിനാന്‍സ് : സിഎ/ ഐസിഡബ്ല്യുഎ ഇവയില്‍ ഏതെങ്കിലുമാണ് യോഗ്യതയായി പറയുന്നത്. ഇതിന്റെ കൂടെ 8 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 50. 20,600-46,500 വരെയാണ് ശമ്പളം.
  4. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് : യോഗ്യതയായി എംബിഎ മാര്‍ക്കറ്റിങും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഉയര്‍ന്ന പ്രായപരിധി 35. ശമ്പളം: 10,750-29,000.
  5. കണ്‍സള്‍ടന്റ്- സിവില്‍ : സിവില്‍ എന്‍ജിനീയറിങ് ബിരുദത്തോടൊപ്പം 10-15 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി- 63, ശമ്പളം 69,000.

എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂ എന്നിവ മുഖേനയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി വിഭാഗത്തിലൊഴികെ മറ്റുള്ള തസ്തികകളില്‍ ഒരു ഒഴിവ് വീതമാണ് ഉള്ളത്. വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.kmrl.co.in www.watermetro.co.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക

Comments