ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കാരുടെ സുരക്ഷാപ്രശ്‌നം പരിഹരിക്കാന്‍ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം. അവധിയില്ലാതെ ജോലിയില്‍ പ്രവേശിക്കാനാണ് പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശമെത്തിയിരിക്കുന്നത്. റെയില്‍വേ പോലീസിന് പുറമേ ലോക്കല്‍ സ്റ്റേഷനുകളിലെ പോലീസുകാരെയും താത്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്ക് നല്‍കും.

     വര്‍ക്കലയില്‍ യുവതിയെ യാത്രക്കാരന്‍ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീവണ്ടികളില്‍ പ്രത്യേക പരിശോധനയ്‌ക്കൊപ്പം പ്ലാറ്റ് ഫോമുകളിലും പരിശോധന കര്‍ശനമാക്കി. മദ്യപിച്ച് യാത്രചെയ്യുന്നത് കണ്ടെത്തിയാല്‍ പോലീസ് പിടികൂടും. യാത്ര മുടങ്ങുമെന്ന് മാത്രമല്ല, കേസെടുക്കുമെന്നും പോലീസ് പറയുന്നു. മദ്യപിച്ചതായി തീവണ്ടികളില്‍ കണ്ടെത്തിയാല്‍ അടുത്ത സ്റ്റേഷനിലിറക്കി നടപടിയെടുക്കും.ബുധനാഴ്ച ഉച്ചയോടെയാണ് പോലീസ് മേധാവിയുടെ നിര്‍ദേശമെത്തിയത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ പ്രതിദിനം നൂറോളം തീവണ്ടികളാണ് കടന്നുപോകുന്നത്. ഏഴ് പ്ലാറ്റ്ഫോമുകളിലുമായി ആയിരക്കണക്കിന് യാത്രക്കാരും എത്തുന്നുണ്ട്. ഇവരെയെല്ലാം പരിശോധിക്കണമെന്നാണ് നിര്‍ദേശം.