Tuesday , March 3 2026, 11:32 pm

12 ദിവസങ്ങൾക്കുശേഷം ഷാഫി പറമ്പിൽ പൊതുവേദിയിൽ

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ 12 ദിവസങ്ങൾക്കുശേഷം ആദ്യമായി പൊതുവേദിയിലെത്തി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നേതൃക്യാമ്പിലാണ് ഷാഫി എത്തിയത്.നേതൃക്യാമ്പിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിച്ചു. രാവിലെ നടന്ന ഉദ്ഘാടനപരിപാടിയിലാണ് ഷാഫി എത്തിയത്. ഈ മാസം 10നാണ് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫിക്ക് പരിക്കേറ്റത്. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികൾക്ക് പൊട്ടലുണ്ടായിരുന്നു. പിന്നാലെ ഷാഫിയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് ശസ്ത്രക്രിയ നടത്തി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഒരാഴ്ചയിലധികമായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

       ഐക്യത്തോടെയുള്ള പ്രവർത്തനവും കുറ്റമറ്റരീതിയിലുള്ള സ്ഥാനാർഥിനിർണയവും ഉറപ്പുവരുത്തണമെന്ന് ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. സ്ഥാനാർഥികളെ പ്രാദേശികതലത്തിൽ സമവായത്തിലൂടെ കണ്ടെത്തണം. അന്യായമായ ഒരു ഇടപെടലും ഒരു നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. നേതാക്കൾ പക്ഷംപിടിക്കരുത്. മധ്യസ്ഥ നിലപാട് സ്വീകരിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗരേഖ ക്യാമ്പിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അവതരിപ്പിച്ചു. ജില്ലയിലെ കെപിസിസി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി എക്‌സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 319 പേരാണ് ക്യാമ്പിൽ പ്രതിനിധികളായെത്തിയത്.

Comments