Tuesday , March 3 2026, 6:36 pm

താമരശ്ശേരിയിൽ ഒൻപതുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇന്ന് ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌കജ്വരമെന്ന് കരുതിയിരുന്ന ഒൻപതുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇന്ന് ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.നിലവിൽ ലഭ്യമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ല, മറിച്ച് ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയാണ്. ഈ റിപ്പോർട്ടിനോട് കുടുംബം വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.കുട്ടി നടന്നാണ് ആശുപത്രിയിൽ എത്തിയതെന്നും, എന്നാൽ ആശുപത്രി അധികൃതർ ആവശ്യമായ ശ്രദ്ധ നൽകിയില്ലെന്നും, മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതിൽ താമസിച്ചതുമാണ് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്.

      അതേസമയം, താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിയ കേസിൽ കസ്റ്റഡിയിലുള്ള കുട്ടിയുടെ പിതാവ് സനൂപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പിനായി സനൂപിനെ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചശേഷം, പിന്നീട് വീണ്ടും കോടതിയിൽ ഹാജരാക്കും.കുട്ടിയുടെ മരണത്തിനു പിന്നാലെയാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരമല്ലെന്നും, ഡോക്ടർമാരുടെ അനാസ്ഥയാണ് രോഗം മൂർച്ഛിക്കാനിടയായതെന്നും ആരോപിച്ചാണ് ആക്രമണം നടന്നത്.സനൂപ് ജയിലിൽ കഴിയുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
മരണത്തിന് പിന്നാലെ ജില്ലാ മെഡിക്കൽ ഓഫീസർ അമീബിക് മസ്തിഷ്‌കജ്വരമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.

Comments