Saturday , October 4 2025, 3:33 am

സിഎം വിത്ത് മീ പദ്ധതിക്ക് തുടക്കം; ആദ്യ കോള്‍ വിളിച്ചത് നടന്‍ ടോവിനോ തോമസ്

തിരുവനന്തപുരം: പൊതുജനങ്ങളോട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ സി.എം വിത്ത് മീ പദ്ധതിക്ക് തുടക്കം. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായുള്ള സിറ്റിസണ്‍ കണക്ട് സെന്ററാണ് സിഎം വിത്ത് മീ. നടന്‍ ടോവിനോ തോമസ് ആദ്യ കോള്‍ ചെയ്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സിഎം വിത്ത് മി എന്നാല്‍ മുഖ്യമന്ത്രി മാത്രമല്ല സര്‍ക്കാര്‍ മുഴുവന്‍ ഒപ്പമുണ്ടാകുമെന്നാണ് പദ്ധതി ഉദ്ഘാടനം യെ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. വെള്ളയമ്പലത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത പഴയ എയര്‍ ഇന്ത്യ ഓഫീസിലാണ് സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

1800-425-6789 എന്ന ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരെ തിരിച്ചുവിളിക്കും. സിഎം വിത്ത് മീയിലേക്ക് അയക്കുന്ന പരാതികള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഓരോ പ്രശ്‌നത്തിലും സമയബന്ധിതമായി പരാതിക്കാരെ വിവരം അറിയിക്കുകയും ചെയ്യും. സാധ്യമായ നടപടികള്‍ പരാതിക്കാരനെ അറിയിക്കുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഫലപ്രദമായ പ്രവര്‍ത്തനത്തിനായി പരിചയസമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. സിറ്റിസണ്‍ കണക്ട് സെന്ററിന്റെ നടത്തിപ്പും മേല്‍നോട്ട ചുമതലയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന വേളയില്‍ പദ്ധതിയിലൂടെ ജനങ്ങളുമായുള്ള സമ്പര്‍ക്കം ഊട്ടിയുറപ്പിക്കാന്‍ ആകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

 

Comments