Saturday , October 4 2025, 4:27 am

കക്കോടിയില്‍ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍; സാമ്പത്തിക ബാധ്യതമൂലം യൂട്യൂബ് നോക്കി മോഷണം പഠിച്ചെന്ന് പ്രതി

കോഴിക്കോട്: കക്കോടി പ്രദേശത്ത് അടുത്തിടെയുണ്ടായ പതിനഞ്ചോളം മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍. പറമ്പില്‍ ബസാറില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസിലടക്കം പ്രതിയായ പാറക്കുളം സ്വദേശി അഖിലാണ്(32) പോലീസിന്റെ പിടിയിലായത്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുറ്റിവയലില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കാക്കൂര്‍, എലത്തൂര്‍ മേഖലകളില്‍ ഉള്‍പ്പെടെ പതിനഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി അഖില്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് അഖില്‍ പോലീസിനോട് പറഞ്ഞത്. മോഷണ വിദ്യകള്‍ യൂട്യൂബ് നോക്കി പഠിച്ചു. അവധി ദിവസങ്ങളില്‍ വീടുകള്‍ പൂട്ടി ആളുകള്‍ പോകുന്ന സമയത്ത് മോഷണം നടത്തുന്നതായിരുന്നു ഒരു രീതി. പറമ്പില്‍ ബസാറിലെ വീട്ടില്‍ നിന്ന് 25 പവന്‍ മോഷ്ടിച്ച കേസാണ് അഖിലിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് പ്രതിയിലേക്കെത്തുകയായിരുന്നു.

Comments