Saturday , October 4 2025, 3:14 am

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന് വീണ്ടും ബലക്ഷയ പരിശോധന

കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മിച്ച കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ബലക്ഷയം പരിശോധിക്കാന്‍ വിദഗ്ധ സംഘം നാളെ, ചൊവ്വാഴ്ച എത്തും. മദ്രാസ് ഐ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന ജൂലൈ 28ലെ ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്.

കെട്ടിടം അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന് കാണിച്ച് പാട്ടക്കാരായ അലിഫ് ബില്‍ഡേഴ്‌സ് നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരുടെ തന്നെ അപേക്ഷ പരിഗണിച്ചാണ് ഇടക്കാല ഉത്തരവിട്ടത്. കെട്ടിടം ആരുടെ കൈവശമാണ്, എത്രത്തോളം ബലക്ഷയമുണ്ട്, ഇത് പരിഹരിക്കുന്നതിന് എത്ര തുക വേണം, തുക ആര് വകയിരുത്തും എന്നിവ സംബന്ധിച്ച് സര്‍ക്കാറും പാട്ടക്കാരും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക നിശ്ചയിക്കുന്നതിന് പി.ഡബ്ല്യു.ഡിയെയോ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിനെയോ ചുമതലപ്പെടുത്തണമെന്ന് അലിഫ് ബില്‍ഡേഴ്‌സ് ആവശ്യപ്പെടുകയായിരുന്നു.

പാട്ടത്തിനെടുത്ത കെട്ടിടം തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നാണ് അലിഫിന്റെ വാദം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയത് കരാര്‍ ഒപ്പിട്ട ശേഷമാണ്. കെട്ടിടം ബലപ്പെടുത്തുന്നതിന് 35 കോടി വരുമെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ട്. കെ.ടി.ഡി.എഫ്.സി ഈ തുക ചെലവഴിച്ച് കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നാണ് അലിഫിന്റെ വാദം. എന്നാല്‍, ടെര്‍മിനല്‍ നിലവിലെ അവസ്ഥയിലാണ് കൈമാറിയതെന്നും തുടര്‍ന്നുള്ള അറ്റകുറ്റപ്പണി കരാറുകാര്‍ നടത്തണമെന്നുമാണ് സര്‍ക്കാര്‍ വാദം.

പാട്ടക്കരാര്‍ ഒപ്പുവെച്ച 2021 ആഗസ്റ്റ് 26 മുതല്‍ ടെര്‍മിനലില്‍ കരാര്‍ പ്രകാരം അനുവദിക്കപ്പെട്ട സ്ഥലം പാട്ടക്കാരുടെ കൈവശമാണ്. ടെര്‍മിനലില്‍നിന്ന് പാര്‍ക്കിങ് ഫീസും ശൗചാലയങ്ങളില്‍നിന്ന് ഫീസും പിരിക്കുന്നത് അലിഫ് ആണെന്നും കെട്ടിടം കൈമാറിയിട്ടില്ലെന്ന വാദം തെറ്റാണെന്നുമാണ് സര്‍ക്കാര്‍ വാദം.

 

Comments