Saturday , October 4 2025, 4:52 am

കണ്ണൂരില്‍ വിദ്യാര്‍ത്ഥി ചോദ്യ പേപ്പറില്‍ കുത്തിക്കുറിച്ചത് ഭീകര സംഘടനകളുടെ പേരുകളും ആയുധങ്ങളുടെ ചിത്രങ്ങളും; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറില്‍ വിദ്യാര്‍ത്ഥി വരച്ച ചിത്രങ്ങളും പേരുകളും അന്വേഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറില്‍ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പേരുകള്‍ എഴുതി വച്ചത്. സാമൂഹ്യ ശാസ്ത്രം ചോദ്യക്കടലാസിലാണ് വിദ്യാര്‍ത്ഥി ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്, ഹൂതി, ഹമാസ്, മൊസാദ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളുടെ പേരുകളെഴുതിയത്.

മൊസാദ് എന്നെഴുതിയതിന്റെ ചുവട്ടില്‍ തോക്കില്‍ നിന്നും വെടുയുണ്ടകള്‍ ചിതറുന്ന ചിത്രവും രണ്ട് വാളുകളും വരച്ചിട്ടുണ്ട്. പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്ന കുട്ടി അക്ഷരത്തെറ്റില്ലാതെ സംഘടനകളുടെ പേരുകള്‍ എഴുതിയതില്‍ അസ്വാഭാവികത ഉണ്ടെന്നതാണ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കാന്‍ കാരണം.

പരീക്ഷയുടെ ആദ്യ 15 മിനിറ്റ് ആശ്വാസ സമയമാണ് (cool of time). ഈ സമയത്ത് കുട്ടി ചോദ്യ പേപ്പറില്‍ ചിത്രങ്ങള്‍ വരയ്ക്കുകയും പേരുകള്‍ എഴുതിയെന്നുമാണ് പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപിക പറയുന്നത്. ചോദ്യങ്ങള്‍ വായിക്കുന്നതിന് പകരം പേപ്പര്‍ കിട്ടിയ ഉടനെ കുട്ടി ചോദ്യപേപ്പറില്‍ എഴുതിത്തുടങ്ങിയത് അധ്യാപിക ശ്രദ്ധിച്ചിരുന്നു. ഉത്തരക്കടലാസ് തിരിച്ചുവാങ്ങുന്ന സമയത്ത് സംശയം തോന്നിയ അധ്യാപിക ചോദ്യക്കടലാസ് പരിശോധിച്ചപ്പോഴാണ് എഴുത്തും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടതെന്ന് പറയുന്നു. അസ്വാഭാവികത തോന്നിയതിനാല്‍ സഹപ്രവര്‍ത്തകരോടും പ്രഥാനാധ്യാപകനോടും അധ്യാപിക വിഷയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂളില്‍ വിളിപ്പിക്കുകയും കാര്യങ്ങള്‍ വിശദീകരിച്ചതിനു ശേഷം പോലീസില്‍ അറിയിക്കുകയും ചെയ്‌തെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Comments