കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 39 മരണം. 8 കുട്ടികളും 17 സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലിയെന്ന് പറഞ്ഞാണ് ടിവികെ കരൂരില്‍ അനുമതി വാങ്ങിയത്. പക്ഷേ എത്തിയത് ഒന്നര ലക്ഷത്തിലേറെ ആളുകളാണ്. ജനത്തിരക്ക് കാരണം അപകടമുണ്ടായപ്പോള്‍ ആംബുലന്‍സുകള്‍ക്ക് വേഗത്തിലെത്താന്‍ സാധിക്കാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളടക്കം 107 പേര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്.
10000 പേര്‍ പങ്കെടുക്കുന്ന റാലിക്കാണ് അധികൃതര്‍ അനുമതി നല്‍കിയത്. എന്നാല്‍ വെള്ളിത്തിരയിലെ മിന്നുംതാരം പഞ്ച് ഡയലോഗുകളുമായി തെരുവിലേക്കെത്തിയതോടെ കരൂരില്‍ ഒന്നര ലക്ഷത്തിലധികം പേരാണ് തടിച്ചുകൂടിയത്. പരിക്കേറ്റവരില്‍ 9 പോലീസുകാരും ഉള്‍പ്പെടും. നിരവധി കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. മദ്രാസ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കോടതി നിയന്ത്രണങ്ങള്‍ പലതും ടിവികെ റാലിയില്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 6 മണിക്കൂര്‍ വൈകിയാണ് വിജയ് റാലിയിലെത്തിയത്. ഇത് അപകടത്തിന് കാരണമായെന്നും ആരോപണമുണ്ട്. അതേസമയം ദുരന്തത്തിന് തൊട്ടുപിന്നാലെ വേദിയില്‍ നിന്ന് വിജയ് വീട്ടിലേക്ക് പോയി എന്നത് തമിഴ്‌നാട്ടില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിട്ടുണ്ട്. ടിവികെയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.