ബാലരാമപുരം: രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. ബാലരാമപുരം മിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് അറസ്റ്റിലായത്. പാലക്കാട് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീതുവിന്റെ മകള്‍ ദേവേന്ദുവിനെ കോട്ടുവാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ ജനുവരി 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കുട്ടിയെ കാണാനില്ലെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞത്. പിന്നീട് കിണറ്റില്‍ നിന്ന് മരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചു.
കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ (24) ആണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഹരികുമാറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് മനസ്സിലായത്. ഹരികുമാറും ശ്രീതുവും തമ്മില്‍ ശരിയല്ലാത്ത ബന്ധമുണ്ടായിന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിന് തടസ്സം നിന്നതിനാലാണ് കുട്ടിയെ കൊന്നതെന്നും പോലീസ് പറഞ്ഞു. ഇരുവരുടേയും വാട്‌സ്ആപ് ചാറ്റുകളാണ് ഇതിന് തെളിവായി പറയുന്നത്. ശ്രീതുവിന്റെ അറിവോടെയാണ് കുട്ടിയെ കൊന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ പിതാവെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.