പാറ്റ്ന: ബീഹാറിലെ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ലക്ഷ്യമിട്ടുള്ള ‘മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. സംരംഭം വിജയിച്ചാൽ തുടർ സഹായമായി രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നടത്തുക.
വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു. ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി തുക ഉപയോഗിക്കാം. കൃഷി, മൃഗസംരക്ഷണം, കരകൗശല വസ്തുക്കൾ, തയ്യൽ, നെയ്ത്ത് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസ് ആവശ്യമായ പരിശീലനവും നൽകും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സർക്കാർ സഹായം നൽകുമെന്നാണ് പ്രഖ്യാപനം. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.