Saturday , October 4 2025, 3:31 am

‘ദിനോസര്‍ മരം; ഏറ്റവും ഭാരമുള്ള വിത്ത്; ഏറ്റവും ചെറിയ പൈനാപ്പിള്‍’ അത്ഭുതങ്ങളുടെ കാഴ്ചയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്

പാലക്കാട്: ദിനോസറുകളേക്കാള്‍ പഴക്കമുള്ള വിത്ത് കാണണോ? ലോകത്തിലെ ഏറ്റവും ഭാരമേറിയ വിത്തോ? കാണണമെങ്കില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജിലേക്ക് പോയാല്‍ മതി. അത്ഭുതങ്ങളുടെ കലവറ തുറന്ന് പ്രകൃതി സ്‌നേഹികളേയും ഗവേഷകരേയുമെല്ലാം കാത്തിരിക്കുകയാണ് ബോട്ടണി ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ‘ബോട്ടണി ഫിയസ്റ്റ 75’ എന്ന സസ്യപ്രദര്‍ശനം.

Wollemia plant

ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചപ്പോഴും അതിജീവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള സസ്യവര്‍ഗ്ഗമായ വോളെമി (Wollemia) മരത്തിന്റെ തൈകള്‍ പ്രദര്‍ശനത്തിലുണ്ട്. 10 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമിയിലുണ്ടായിരുന്ന സസ്യമാണ് വോളെമി. അതുകൊണ്ട് ദിനോസര്‍ മരമെന്ന പേരും ലഭിച്ചു. ലോകത്താകമാനം 24 തൈകള്‍ മാത്രമേ നിലവില്‍ അവശേഷിക്കുന്നുള്ളൂ. ഓസ്‌ട്രേലിയയിലെ കാടുകളില്‍ മാത്രമാണ് ഈ സസ്യത്തെ കണ്ടെത്തിയിട്ടുള്ളൂ. സൈനികരുടെ സംരക്ഷണയിലാണ് വോളമിയയെ ഓസ്‌ട്രേലിയ സംരക്ഷിക്കുന്നത്. ഇന്ത്യയില്‍ കൊല്‍ക്കത്തിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മാത്രമേ ഇതിന്റെ തൈകളുള്ളൂ. ഓസ്‌ട്രേലിയയില്‍ നിന്ന് പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിച്ചതാണ് ചെടി.

ഒരുപാട് മിത്തുകളാലും വിശ്വാസങ്ങളാലും ചുറ്റപ്പെട്ട് കിടക്കുന്ന കൊകോ ഡി മൈര്‍ മരമാണ് പ്രദര്‍ശനത്തിലെ മറ്റൊരു താരം. ഭൂമിയിലെ ഏറ്റവും ഭാരമുള്ള വിത്താണിത്. 25 മുതല്‍ 35 കിലോഗ്രാം വരെ വലിപ്പം വയ്ക്കുന്നതാണ് ഈ വിത്ത്. തെങ്ങുകള്‍ ഉള്‍പ്പെട്ട പാം ട്രീ കുടുംബാംഗമായ ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെയ്ഷല്‍സ് ദ്വീപിലാണ് ആദ്യമുണ്ടായതെന്ന് കരുതുന്നു. കായകള്‍ കടലില്‍ വീണ് ഒഴുകി മാലിദ്വീപിലെത്തുമ്പോള്‍ സുല്‍ത്താന് നല്‍കണമെന്നായിരുന്നു ചട്ടം. എല്ലാ വിഷങ്ങള്‍ക്കുമുള്ള പ്രതിമരുന്നാണ് ഇതെന്നും വിശ്വസിച്ചു പോന്നിരുന്നു. കടലിന്റെ അടിത്തട്ടില്‍ വളരുന്ന അത്ഭുത ശക്തിയുള്ള വിത്തെന്ന വിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.

പ്രദര്‍ശനത്തിലെ മറ്റൊരു ഹൈലൈറ്റ് ദേവദാരു വിത്തുകളുടെ ശേഖരമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിത്തുകള്‍ ഇവിടെ ശേഖരിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ നൂറിലേറെ അപൂര്‍വ്വ സസ്യങ്ങളും പുഷ്പങ്ങളുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പൈനാപ്പിളും തണ്ടില്ലാത്ത ഇലകളില്‍ വേരുകളുള്ള സസ്യങ്ങളുമെല്ലാം കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ട്. പ്രദര്‍ശനം ഇന്ന് സമാപിക്കും.

Comments