Saturday , October 4 2025, 4:54 am

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍പട്ടിക ഒരുതവണ കൂടി പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക ഒരു തവണ കൂടി പുതുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍ പറഞ്ഞു.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുക. ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രണ്ടു ജോലികളും ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തം. ഇതിനായി സംസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

Comments