കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ വയോധികനെ പൊതുസ്ഥലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പഴയ അയല്‍വാസിയുടെ ക്രൂരത. പുളിയാറ ചാലില്‍ മൊയ്തീന്‍ കോയക്ക് (72) പഴയ അയല്‍വാസിയായിരുന്ന അസീസ് ഹാജിയില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നാണ് പരാതി. 45 വര്‍ഷം മുന്‍പത്തെ ഒരു അതിര്‍ത്തി തര്‍ക്കമാണ് മര്‍ദ്ദന കാരണമായി പറയുന്നത്.
ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നാട്ടുകാര്‍ ഇടപെട്ട് പരിഹരിക്കുകയും പിന്നീട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അസീസ് ഹാജിയുടെ വീട്ടില്‍ മൊയ്തീന്‍കോയ തൊഴിലുറപ്പ് പണിക്കെത്തിയിരുന്നു. ഇതറിഞ്ഞ അസീസ് തന്റെ പറമ്പില്‍ ഇയാളെ കയറ്റരുതെന്ന് തൊഴിലുറപ്പ് ചുമതലയുണ്ടായിരുന്ന വ്യക്തിയെ അറിയിക്കുകയം ചൊവ്വാഴ്ച മൊയ്തീന്‍കോയയെ വേറെ സ്ഥലത്തേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു.
മറ്റു തൊഴിലാളികള്‍ക്കൊപ്പം ജോലിക്കു പോകുന്നതിനിടെ വഴിയില്‍ കാത്തിരുന്ന അസീസ് മൊയ്തീന്‍കോയയെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ മൊയ്തീന്‍ കോയയെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. മൊയ്തീന്‍കോയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസില്‍ കുടുംബം പരാതി നല്‍കി.