Saturday , October 4 2025, 4:54 am

തിങ്കളാഴ്ച മുതൽ ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നതിന് ഹൈക്കോടതി അനുമതി. തിങ്കളാഴ്ച മുതൽ ചില ഉപാധികളോടെ ടോൾ പിരിക്കാമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കാകുമോ പിരിക്കുക എന്ന കാര്യത്തിൽ കോടതി ഉത്തരവ് വന്നാലേ വ്യക്തത ലഭിക്കുകയുള്ളൂ.

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയിലാകുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്തതിന് പിന്നാലെയാണ് പാലിയേക്കരയിലെ ടോള്‍ പിരിവിന് ഓഗസ്റ്റ് 6 മുതൽ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷമാണ് ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കുന്നത്.  തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഇൻ്ററിം മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുകൂലമായതിനെ തുടർന്നാണ് ടോൾ പിരിക്കാൻ കോടതി അനുമതി നൽകിയത്. താൽക്കാലിക മാനേജ്മെൻ്റ് കമ്മിറ്റി സ്ഥലത്ത് പരിശോധന തുടരണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു.

Comments