Saturday , October 4 2025, 4:51 am

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആവശ്യത്തിനില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. വിതരണ കമ്പനികള്‍ ഒന്നാം തിയ്യതി മുതല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം.

സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി രൂപ കുടിശികയായതിനെ തുടര്‍ന്നാണ് വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തി വച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാത്രം 29 കോടി 56 ലക്ഷം രൂപ നല്‍കാനുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് സ്റ്റോക്ക് ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. നിലവില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെങ്കിലും വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും. ശസ്ത്രക്രിയകള്‍ക്കുള്ള അനുബന്ധ ഉപകരണങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ വിതരണ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.
ശസ്ത്രക്രിയ മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം പരിഹരിക്കാനുള്ള നടപടികളും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ഉപകരണങ്ങളുടെ ക്ഷാമമടക്കമുള്ള പ്രശ്‌നങ്ങളുന്നയിച്ച് വകുപ്പ് മേധാവിയായ ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിറകെയാണ് നീക്കം. രണ്ട് കോടി രൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു.

 

Comments