Saturday , October 4 2025, 3:28 am

തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ സ്വിമ്മിംഗ് പൂളില്‍ നിന്നെന്ന് സംശയം

തിരുവനന്തപുരം: പൂവാര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആക്കുളത്തെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് രോഗബാധയെന്നാണ് സംശയിക്കുന്നത്. പൂള്‍ ആരോഗ്യ വകുപ്പ് അധികൃതരെത്തി പൂട്ടിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടുതല്‍ പരിശോനയ്ക്കായി അയച്ചു.

കഴിഞ്ഞ മാസം 16ന് സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ത്ഥി പൂളില്‍ കുളിച്ചിരുന്നു. തുടര്‍ന്ന് കടുത്ത പനിയും തലവേദനയും അനുഭവപ്പെടുകയും തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അസുഖം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടേയും മരണപ്പെട്ടവരുടേയും കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 66 പേര്‍ക്കാണ് ഈ വര്‍ഷം രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ മരണപ്പെട്ടു. ഇന്നലെ മാത്രം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 19 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 7 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Comments