പാലക്കാട്: മന്ത്രവാദ ക്രിയകള്‍ക്കിടയില്‍ പുഴയിലിറങ്ങിയ മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസന്‍ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. കുലുക്കപ്പാറയിലെ പുഴയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം.
പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിയതിനു ശേഷം ഇരുവരും തുടര്‍ കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് യുവരാജിന്റെ അമ്മയും സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പാലക്കാടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ഹസന്‍ മുഹമ്മദിന്റെ അടുത്ത് കുടുംബം കര്‍മ്മങ്ങള്‍ക്കായി എത്തിയത്. എന്നാല്‍ ശനിയാഴ്ച കര്‍മ്മങ്ങള്‍ക്കായി എത്താന്‍ ഹസന്‍ മുഹമ്മദ് കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.