Saturday , October 4 2025, 2:19 am

ബില്‍ജിത്ത് ഓര്‍മ്മയാകുന്നത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി; 13കാരിയില്‍ ഹൃദയം മിടിച്ചു തുടങ്ങി

കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ബില്‍ജിത്ത് ബിജു(18) ഓര്‍മ്മയാകുന്നത് ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി. നെടുമ്പാശ്ശേരി മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്തിന് ഈ മാസം 2നുണ്ടായ ബൈക്കപകടത്തെ തുടര്‍ന്നാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബില്‍ജിത്ത്. ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കാലടി ആദിശങ്കര എഞ്ചിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

മകന്റെ വേര്‍പാടിലും അമ്മ ലിന്റയും പിതാവ് ബിജുവും സഹോദര്‍ ബിവലും എടുത്ത തീരുമാനമാണ് ആറുപേര്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കുന്നത്. ഹൃദയം കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ 13കാരിക്കാണ് നല്‍കിയത്. ഹൃദയരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള 13കാരിയില്‍ ഹൃദയം ഇന്ന് പുലര്‍ച്ചെ മാറ്റിവച്ചു. ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ലിസി ഹോസ്പിറ്റലില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. പുലര്‍ച്ചെ 1.25ഓടെയായിരുന്നു ശസ്ത്രക്രിയ. 3.30ന് ഹൃദയം കുട്ടിയില്‍ മിടിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ 6.30ന് ശസ്ത്രക്രിയ അവസാനിച്ചു.

ബില്‍ജിത്തിന്റെ ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജും രണ്ടാമത്തേത് എറണാകുളം രാജഗിരി ആശുപത്രിയും കരളും ചെറുകുടലും അമൃത ആശുപത്രിയും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും ഏറ്റെടുത്തു.

Comments