കോഴിക്കോട്: ആഗോള വിപണിയില്‍ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതും ചൈന കൂടുതല്‍ എണ്ണ സംഭരിക്കുന്നതും റഷ്യയ്ക്ക് മേലുള്ള ഉപരോധവുമെല്ലാം ആഗോള വിപണിയിലെ എണ്ണവിലയെ ദോഷമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള ചൈനയുടെ തീരുമാനം എണ്ണവില വര്‍ധിക്കാന്‍ കാരണമായെന്ന് പ്രമുഖ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ സാക്സോ ബാങ്ക് വ്യക്തമാക്കി. പ്രതിദിനം 0.5 ദശലക്ഷം ബാരലിലധികം എണ്ണ ചൈന സംഭരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 73 സെന്റ് (1.1% ) വര്‍ധിച്ച് 66.75 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 0.9% ഉയര്‍ന്ന് 62.84 ഡോളറിലെത്തി. ഒക്ടോബറില്‍ പ്രതിദിനം 1,37000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുമെന്നാണ് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റിലേയും സെപ്തംബറിലേയും കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ പ്രതിദിന ഉള്‍പാദനത്തില്‍ ഇടിവാണുണ്ടാവുക. ഓഗസ്റ്റിലും സെപ്തംബറിലും പ്രതിദിനം 5,55,000 ബാരലാണ് ഉല്‍പാദനം.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമോ എന്നതും എണ്ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. റഷ്യയ്ക്ക് മുകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എണ്ണ വിതരണം കുറയുകയും ഇത് എണ്ണവില വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും.