കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോഷണം പോയ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാക്കി ടെലികോം മന്ത്രാലയം. നഷ്ടപ്പെട്ടതായി പരാതി ലഭിച്ച 57,511 മൊബൈല്‍ ഫോണുകളാണ് ബ്ലോക്ക് ചെയ്തത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി പോര്‍ട്ടര്‍ (സി.ഇ.ഐ.ആര്‍) ഉപയോഗിച്ചാണ് നടപടി. 37,228 ഫോണുകളുടെ ലൊക്കേഷനുകള്‍ തിരിച്ചറിഞ്ഞ് തുടരന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ 9268 ഫോണുകള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കാനും സാധിച്ചു. എന്നാല്‍ 11,015 ഫോണുകളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ബ്ലോക്കു ചെയ്യുന്നതിനായി സി.ഇ.ഐ.ആര്‍ വെബ്‌സൈറ്റില്‍ കയറി (www.ceir.gov.in) നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നമ്പറുകള്‍ ഐ.ഇം.ഇ.ഐ നമ്പര്‍, കമ്പനി, വില തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നതോടെ ഫോണ്‍ ബ്ലോക്കാകും. ഇവ പിന്നീട് ഉപയോഗിക്കാന്‍ കഴിയില്ല. ഫോണില്‍ സിംകാര്‍ഡ് മാറ്റിയിട്ടാലും പ്രവര്‍ത്തനക്ഷമമാകില്ല. നഷ്ടപ്പെട്ട ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഇട്ടാലുടന്‍ ഫോണിന്റെ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതോടെയാണ് ഫോണ്‍ വീണ്ടെടുക്കാന്‍ കഴിയുന്നത്.
അതേസമയം ഫോണ്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടതിന്റെ രേഖകളും പോര്‍ട്ടലില്‍ നല്‍കണം. നഷ്ടപ്പെട്ട സ്ഥലം, തിയ്യതി, സംസ്ഥാനം, ജില്ല, പോലീസ് സ്‌റ്റേഷന്‍, പരാതിയുടെ പകര്‍പ്പും അതിന്റെ നമ്പറും ഫോണ്‍ ഉടമയുടെ വിലാസവും തിരിച്ചറിയല്‍ രേഖയും പോര്‍ട്ടലില്‍ നല്‍കണം.