കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങളിലേര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചിട്ടും അയവില്ലാതെ നേപ്പാളിലെ ജന്‍ സി പ്രക്ഷോഭം. പ്രധാനമന്ത്രി രാജി വയ്ക്കും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രക്ഷോഭകര്‍. പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിടുകയും വ്യാപകമായ നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് പ്രാഥമിക കണക്കുകള്‍. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സാമൂഹിക മാധ്യമ നിയന്ത്രണം പിന്‍വലിച്ചത്.
മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വീട് ഉള്‍പ്പെടെ നിരവധി മന്ത്രിമാരുടേയും നേതാക്കളുടേയും വീടുകള്‍ പ്രക്ഷോഭകാരികള്‍ തകര്‍ത്തു. ചിലതിന് തീയിടുകയാണ് ചെയ്തത്. സര്‍ക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണം, സ്വജന പക്ഷപാതം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭക്കാര്‍ മുന്നോട്ട് വച്ചത്. കലാപം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയതാണ് നേപ്പാളില്‍ ജന്‍ സി പ്രക്ഷോഭം ആളിക്കത്താന്‍ ഇടയായത്. വാട്‌സ് ആപ്പ്, യൂട്യൂബ്, ടിക് ടോക്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള 26ഓളം സാമൂഹിക മാധ്യമങ്ങളാണ് സര്‍ക്കാര്‍ നിരോധിച്ചത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.