കോഴിക്കോട്: ‘ചുവന്നു തുടുത്ത ചന്ദ്രന്‍’ എന്നത് കവിതയിലും കഥയിലും കേട്ടുമാത്രം പരിചയമുള്ളവര്‍ക്ക് അതനുഭവിക്കാനുള്ള അപൂര്‍വ്വ നിമിഷമാണ് ഇന്ന്. രക്തചന്ദ്രന്‍ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ലോകമെമ്പാടും ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുന്ന സമയമാണിത്. ഈ സമയം, ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തി ചുവപ്പും ഓറഞ്ചും കലര്‍ന്ന തിളക്കം നല്‍കുന്നതാണ് ചന്ദ്രന്‍ രക്തനിറത്തിലാകുന്നതിന് കാരണം. ഇന്ന് രാത്രി ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 22 മിനിറ്റാണ്.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. റെയ്ലീ സ്‌കാറ്ററിംഗ് എന്ന പ്രതിഭാസം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചന്ദ്രനിലേക്ക് കടന്നുപോകുന്ന സൂര്യരശ്മികളിലെ നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈര്‍ഘ്യമുള്ളവ എല്ലാ ദിശകളിലേക്കും ചിതറുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്മികള്‍ കൂടുതലായി ചന്ദ്രനില്‍ എത്തുകയും ചെയ്യുന്നു. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതിന്റെ കാരണം ഇതാണ്. രാത്രിയില്‍ എവിടെ നിന്നും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം കാണാം.
ഇന്ത്യന്‍ സമയം രാത്രി 9.58നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. സെപ്തംബര്‍ 8ന് പുലര്‍ച്ചെ 1.26ന് ഇത് അവസാനിക്കുകയും ചെയ്യും. 11നും 12.22നും ഇടയിലാണ് ഏറ്റവും നന്നായി ചന്ദ്രനെ കാണാന്‍ കഴിയുന്ന സമയം.