Saturday , October 4 2025, 5:10 am

കൊല്ലങ്കോട് സുന്ദരഗ്രാമത്തിലെത്തുന്നവരെ വരവേല്‍ക്കാന്‍ ഇക്കോ ടൂറിസം പദ്ധതി സജ്ജമായി

കൊല്ലങ്കോട്: കൊല്ലങ്കോട് സുന്ദരഗ്രാമം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ ദൃശ്യവിഭവങ്ങളൊരുക്കി വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതി.

സീതാര്‍കുണ്ടില്‍ ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ഏറെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാന്‍ പോവുന്നവര്‍ക്ക് കോണ്‍ക്രീറ്റ് നടവഴി, സഞ്ചാരവഴികളില്‍ ഇരിപ്പിടങ്ങളും, ശൗചാലയവും സജ്ജമാക്കി. 2024 കൊല്ലങ്കോട് പഞ്ചായത്ത് സുന്ദരഗ്രാമമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നും സ്ഥലം കാണാന്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു.  ഇവര്‍ക്ക് ആവശ്യമായ പ്രാഥമികസൗകര്യങ്ങളുടെ പരിമിതി മനസിലാക്കിയാണ് 75 ലക്ഷം ചെലവില്‍ ഇക്കോടൂറിസം വനംവകുപ്പ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. സ്ഥലത്ത് വനവിഭവ വില്‍പന സ്റ്റാളുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈകാതെതന്നെ അതിരപ്പള്ളിക്കു സമാനമായരീതിയില്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നും പ്രതീക്ഷിക്കുകയാണ്. സ്ഥലത്ത് എത്തുന്ന മുതിര്‍ന്നവര്‍ക്ക് 30, കുട്ടികള്‍ക്ക് 20, വിദേശ സഞ്ചാരികള്‍ക്ക് 100, കാമറ ഉപയോഗത്തിന് 50, വീഡിയോ എടുക്കുന്നവര്‍ക്ക് 150 രൂപ എന്നിങ്ങനെ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഉയര്‍ന്ന പര്‍വതനിരയ്ക്കു തൊട്ടുതാഴെ നിന്ന് സുരക്ഷിതമായി കാഴ്ച ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും.

 

Comments