Saturday , October 4 2025, 10:09 am

രാജ്യത്ത് പാമ്പുകടി മരണങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും; പിന്നില്‍ കാലാവസ്ഥ വ്യതിയാനം

കോഴിക്കോട്: ഇന്ത്യയില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കൂടുന്നതായി പഠനം. പ്രതിവര്‍ഷം 46000ത്തിനും 60000 ത്തിനും ഇടയില്‍ ആളുകളാണ് പാമ്പുകടിമൂലം മരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതില്‍ കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് പാമ്പുകടി മരണങ്ങള്‍ കൂടുതല്‍. പി.എല്‍.ഒ.എസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കല്‍ ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സുപ്രധാന കണ്ടെത്തലുള്ളത്.

നാല് വിഷപ്പാമ്പുകളാണ് മിക്ക പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ക്കും കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂര്‍ഖന്‍ (ഇന്ത്യന്‍ കോബ്ര), ശംഖുവരയന്‍- വെള്ളിക്കെട്ടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോമണ്‍ ക്രെയ്റ്റ്, അണലി (റസ്സല്‍സ് വൈപ്പര്‍), ചുരുട്ടമണ്ഡലി (സോ-സ്‌കെയില്‍ഡ് വൈപ്പര്‍) എന്നിവയാണ് ‘ബിഗ് ഫോര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അപകടകാരികളായ പാമ്പുകള്‍. കാലാവസ്ഥ വ്യതിയാനം ഇന്ത്യയില്‍ പാമ്പു കടിയേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. വരും ദശകങ്ങളില്‍ വിഷപ്പാമ്പുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കാലാവസ്ഥ വ്യതിയാനം പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ പരിധികളില്‍ മാറ്റം വരുത്തുന്നുണ്ട്. ഇവ മനുഷ്യരും പാമ്പുകളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു. വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവന് ഇവ ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Comments