Saturday , October 4 2025, 10:15 am

കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിൽ; അപകടത്തിൽപ്പെട്ട വാഹനം തിരികെ കിട്ടാൻ 10000 രൂപ ആവശ്യപ്പെട്ടു

മരട്: അപകടത്തിൽപ്പെട്ട വാഹനം തിരിച്ചു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട എസ്ഐ വിജിലൻസ് പിടിയിൽ.എറണാകുളം, മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ ഗോപകുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈറ്റിലയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട ലോറി തിരിച്ചു നൽകാൻ 10000 രൂപയാണ് ഗോപകുമാർ ഉടമയിൽ നിന്നും ആവശ്യപ്പെട്ടത്. 5000 രൂപ നൽകാമെന്ന് ഉടമ അറിയിച്ചെങ്കിലും എസ്. ഐ വഴങ്ങിയില്ല. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.

രണ്ടുദിവസമായി എസ്ഐ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് വിജിലൻസ് നൽകിയ രാസവസ്തു പുരട്ടിയ നോട്ടുകളുമായി പരാതിക്കാരൻ സ്റ്റേഷനിൽ എത്തി പണം കൈമാറിയത്. എറണാകുളം യൂണിറ്റ് ഡിവൈഎസ്പി കെ. തോമസിന്റെ നേതൃത്വത്തിൽ കാത്തുനിന്ന സംഘമാണ് എസ്ഐയെ കൈയോടെ പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ആഗസ്റ്റ് 25 ന് പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വൈറ്റിലയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വാഹനം വൈദ്യുതി പോസ്റ്റിലും മറ്റ് വാഹനങ്ങളിലും ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

Comments