Saturday , October 4 2025, 3:31 am

‘ആവേശം നിറച്ച് മന്ത്രി ഗണേഷ്‌കുമാറിന്റെ ബോണസ് പ്രഖ്യാപനം’; ഒടുവില്‍ ബോണസ് ലഭിക്കുന്നത് 10ല്‍ താഴെ പേര്‍ക്ക് മാത്രം

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ബോണസ് പ്രഖ്യാപിച്ചപ്പോള്‍ ഏറെ കയ്യടികളോടെയാണ് തീരുമാനത്തെ തൊഴിലാളികള്‍ വരവേറ്റത്. എന്നാല്‍ കാത്തിരുന്ന ബോണസിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് വന്നപ്പോള്‍ 10ല്‍ താഴെ പേര്‍ക്ക് മാത്രമേ ബോണസ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ ട്രാന്‍സ്‌പോ പ്രദര്‍ശന വേദിയിലാണ് ഇത്തവണ ഓണ ശമ്പളത്തിനൊപ്പം ബോണസും ലഭിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. 7000 രൂപ വീതമാണ് ബോണസ് ലഭിക്കുക.

പ്രഖ്യാപനം കൈയടിയോടെ സ്വീകരിച്ച ജീവനക്കാര്‍ക്ക് ബോണസിനുള്ള ശമ്പളപരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയായിരുന്നു. 24000 രൂപവരെ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ബോണസിന് അര്‍ഹത. 22500 സ്ഥിരം ജീവനക്കാര്‍ ഉള്ളതില്‍ ഭൂരിഭാഗവും 35000 ത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവരാണ്. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ബോണസ് പരിധി ഉയര്‍ത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതേസമയം ശമ്പളവും ആനുകൂല്യങ്ങളും ഇത്തവണ ഓണം അവധിക്ക് മുന്‍പ് ഇന്ന് (തിങ്കളാഴ്ച) നല്‍കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കരാര്‍, താത്കാലിക, ബദല്‍ ജീവനക്കാര്‍ക്കും 1000 രൂപവീതം ഉത്സവബത്ത നല്‍കും.

Comments