Saturday , October 4 2025, 5:09 am

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ഓമശ്ശേരി സ്വദേശി മൈമൂനയുടെ മൂന്നുമാസം പ്രായമായ കുഞ്ഞും 52കാരിയുമാണ് മരിച്ചത്. ഇന്നലെയായിരുന്നു രണ്ട് മരണവും. മൂന്നുമാസം പ്രായമായ കുഞ്ഞ് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതര്‍ നേരത്തേ കണ്ടെത്തിയിരുന്നു.

മലപ്പുറം കാപ്പില്‍ സ്വദേശിയായ റംല (52)യെ ഈ മാസം 4ാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു. ഇവര്‍ക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

Comments