ആലപ്പുഴ: കണക്കിന് കണക്കുതീര്‍ന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ (വി.ബി.സി) വീയപുരം ചുണ്ടന്‍ നെഹ്‌റു ട്രോഫി ചാമ്പ്യന്മാരായി. പുന്നമടക്കായലിലെ വേഗരാജാവായി കന്നിക്കിരീടം ചൂടുമ്പോള്‍ കഴിഞ്ഞ വര്‍ഷം 0.005 സെക്കന്‍ിനു നഷ്ടപ്പെട്ട കിരീടമാണ് ഫോട്ടോ ഫിനിഷില്‍ കൈനകരിയിലേക്കെത്തുന്നത്. വ്യക്തമായ ലീഡില്‍ മത്സരിച്ചാണ് 4:21:084 സമയത്തിനുള്ളില്‍ വീയപുരം ചുണ്ടന്‍ കിരീടത്തിലേക്ക് തുഴയെറിഞ്ഞത്.
പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന്‍ (4:21:933) മൂന്നാംസ്ഥാനവും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4:22:035) നാലാം സ്ഥാനവും നേടി. 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്ചല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.