കോഴിക്കോട്: നടക്കാവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. ജവഹര്‍ നഗറിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് വടയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ റമീസിനെ കക്കാടംപൊയിലില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റമീസിനെ തട്ടിക്കൊണ്ടു പോയ നാലുപേരും അവര്‍ക്ക് സഹായം ചെയ്ത നാലുപേരുമാണ് പോലീസ് പിടിയിലായത്. തട്ടിക്കൊണ്ടു പോകുന്നത് ജവഹര്‍ നഗറിലെ ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സിസിടിവിയില്‍ പതിഞ്ഞ കാര്‍ നമ്പര്‍ കേന്ദ്രീകരിച്ചും യുവാവിന്റെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് റമീസിനെ കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കത്തില്‍ റമീസിന്റെ സുഹൃത്തു തന്നെയാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നും സൂചനകളുണ്ട്.