കോഴിക്കോട്: ഡ്രീം ഇലവനും വിൻസോയും ഉൾപ്പെടെയുള്ള മണി ഗെയിം കമ്പനികൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഓൺലൈൻ വാതുവയ്പ്പും ചുതാട്ടവും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതോടെയാണ് പണം ഉപയോഗിച്ചുള്ള ഗെയിമുകൾ നടത്തിയിരുന്ന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചത്.
ഡ്രീം 11 സര്‍ക്കിള്‍, മൈ 11 സര്‍ക്കിള്‍, വിന്‍സോ, സുപ്പി, പോകര്‍ബാസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പൂർണമായി പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചുളള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24X7 അറിയിച്ചു. വെള്ളിയാഴ്ചയാണ് ഓൺലൈൻ വാതുവെപ്പുകൾ നിരോധിച്ചുകൊണ്ടുള്ള ബിൽ കേന്ദ്രസർക്കാർ പാർലമെൻ്റിൽ പാസാക്കിയത്.
പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാൻ പലതവണയായി കേന്ദ്രസർക്കാർ പല നടപടികളും കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ഇത്തരം പ്ലാറ്റ്ഫോമുകൾ പ്രവർത്തിച്ചു വരികയായിരുന്നു. പല സംസ്ഥാനങ്ങളിലും നേരത്തെ തന്നെ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിട്ടുണ്ട്. പണം നിക്ഷേപിച്ചശേഷം കൂടുതല്‍ പണം നേടാന്‍ ലക്ഷ്യമിട്ട് കളിക്കുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ മണി ഗെയിമുകളായി പരിഗണിക്കുന്നത്. ഇത്തരം ഗെയിമുകൾക്ക് അടിമകളായി ആളുകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത് .