Saturday , October 4 2025, 8:33 am

മണ്ണിടിച്ചില്‍: താമരശ്ശേരി ചുരത്തിൽ ഗതാഗതനിയന്ത്രണം; യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാൻ നിർദേശം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുന്നു. വയനാട്ടിലേക്കുള്ള യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. ഇന്നലെ രാത്രി ഏഴുമണിയോട് അടുത്താണ് വ്യൂപോയിൻ്റിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും മരങ്ങളും ഇളകി വന്ന് റോഡിൽ നിറഞ്ഞു. തലനാരിഴയ്ക്കാണ് യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടത്. ഇരുദിശകളിലേക്കും കാല്‍നടയാത്രപോലും സാധ്യമാകാത്തതരത്തില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. ചുരത്തിൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും സുരക്ഷ പരിശോനകൾക്ക് ശേഷം മാത്രമേ ചുരം യാത്രക്കാർക്കായി തുറന്നു കൊടുക്കുകയുള്ളൂ എന്ന് ഇന്നലെ വയനാട് കലക്ടർ അറിയിച്ചിരുന്നു.

ഇന്നലെ രാത്രിമുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ കുറ്റ്യാടി ചുരത്തില്‍ പുലര്‍ച്ചെ നാലുമണിവരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾ കുറ്റ്യാടിയിലും നിരവിൽ പുഴയിലും തടഞ്ഞ് വയ്ക്കേണ്ടിവന്നു.

 

Comments