കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വർണ്ണക്കമ്മലും മോഷ്ടിച്ചിരുന്നു. ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 2024 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയത്. ശേഷം വീടിൻ്റെ അരക്കിലോമീറ്റർ അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിച്ച് കടന്നുകളയുകയായിരുന്നു. പേടിച്ചരണ്ട കുട്ടി ഇരുട്ടിൽ തൊട്ടടുത്തുള്ള വീട്ടിലെത്തി സഹായം ചോദിക്കുകയായിരുന്നു. സംഭവത്തിനുശേഷം സലീമിനെ സൈക്കിളിൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിട്ട ആളും സലീം നടന്നുവരുന്നത് കണ്ട ആളും പ്രതിയെ തിരിച്ചറിഞ്ഞത് കേസിൽ വഴിത്തിരിവായി. സ്വർണ്ണക്കമ്മൽ സഹോദരിയുടെ സഹായത്തോടെ പ്രതി പണയം വച്ചിരുന്നു. തുടർന്ന് ഇയാളുടെ സഹോദരിയേയും കേസിൽ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. കവർച്ച മുതൽ വിൽക്കാൻ കൂട്ടുനിന്ന കേസിലാണ് സഹോദരിയേയും പ്രതിയാക്കിയത്.