Saturday , October 4 2025, 5:09 am

മോശം പെരുമാറ്റം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിത എസ്‌ഐമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി രണ്ട് വനിത എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്നു കാണിച്ച് ഡി.ഐ.ജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും രണ്ട് പേരും മൊഴിയില്‍ ഉറച്ചു നില്‍ക്കുകയുമാണ്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്.

ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഇയാള്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന ചുമതലയിലാണ് ഉള്ളത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതി ഡിഐജി അജിത ബീഗത്തിന് ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടുണ്ട്. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷം ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരം അന്വേഷിക്കാന്‍ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments